Wednesday, February 3, 2016

ഡിങ്കേതിഹാസം
അടുത്തിടെയായി ഡിങ്ക ഭക്തന്മാർ നേരിടുന്ന ആക്ഷേപങ്ങളും വെല്ലുവിളികളും പരിഗണിച്ചു. അവര്ക്കായി ഈ പുസ്തകം ഞാൻ സമര്പ്പിക്കുന്നു.

അദ്ധ്യായം 1 സർവശക്തൻ

മിൽകിവേയുടെ അതിർവരമ്പുകളിലൂടെ ഒരു കുന്തം കുതിച്ചു പാഞ്ഞു കൊണ്ടിരുന്നു. അതിൽ ഗാഡ്ഢ നിന്ദ്രയിലാണ്ട് ലുട്ടാപ്പി കിടന്നു. ആ കുന്തം സിഗാർ ഗാലക്സിയെ ലക്ഷ്യമാക്കി കുതിച്ചു. കുന്തത്തിന്റെ 'ഓട്ടോ പൈലറ്റ് 'മോഡ്  ഓൺ ആക്കി അതിൽ സുഖമായി ഉറങ്ങിക്കൊണ്ടിരുന്ന ലുട്ടാപ്പിയുടെ സ്വപ്നത്തിലേക്ക് കുട്ടൂസനും ഡാകിനിയും കടന്നു വന്നു . അവർ ആർത്തു ചിരിച്ചു  ഹ ഹ ഹ ഹ ഹ ഹ ഹ ഹാ ഹ ഹ ഹഹ ഹ . ലുട്ടാപ്പി ഞെട്ടി ഉണര്ന്നു . ശല്യങ്ങൾ , രണ്ടും ചത്തിട്ടും തനിക്കു സ്വര്യം തരുന്നില്ല ! പണ്ട് രണ്ടിനും വേണ്ടി എത്രയോ വേല ചെയ്തതാണ് . അവറ്റകൾ ചത്തപ്പോഴാണ്  തനിക്കു ഒരു സ്വാതന്ത്ര്യം കിട്ടിയത് . ഇപ്പോൾ പ്രത്യേകിച്ച് പണി ഒന്നും ഇല്ല . നേരെ കുന്തത്തിൽ കയറി സിഗാർ ഗാലക്സിയിൽ പോയി കുറെ കഞ്ചാവടിക്കുക , സുഖമായി ഉറങ്ങുക , ഉറങ്ങി എഴുന്നേൽക്കുമ്പോൾ ഉറക്ക ക്ഷീണം മാറാൻ വീണ്ടും കിടന്നു ഉറങ്ങുക, വല്ലപ്പോഴും ഭൂമിയിൽ വന്നു തൻറെ ഭക്തന്മാർ ആരെങ്ങിലും ഉണ്ടോ എന്ന് നോക്കുക, വീണ്ടും സിഗാരിലേക്ക് കുന്തം  വിടുക . ഇതൊക്കെ തന്നെ ഇപ്പോഴത്തെ പരിപാടികൾ.കുട്ടുസനെയും ഡാകിനിയേയും പ്രാകി കൊണ്ട് ലുട്ടാപ്പി വീണ്ടും തന്റെ കുന്തത്തിൽ  തല ചായ്ച്ചു ഉറങ്ങി തുടങ്ങി !!
അതെ സമയം ആണ്ട്രോമീഡിയയുടെ അതിർവരമ്പുകളിൽ അലഞ്ഞു തിരിയുകയായിരുന്നു മായാവി. അവിടവിടെയായി നക്ഷത്ര നാശത്തിന്റെ ആളി കത്തലുകൾ . അതിമനോഹരമായ വർണരാജികൾ തൂകുന്ന അസ്ഥിര ദീപ്‌തികളും,അനന്തമായ അണ്ടകടാഹവും  കണ്ടു ആലോലം ഒഴുകി നടക്കുകയായിരുന്നു മായാവി. അങ്ങകലെയായി വൃത്താകൃതിയിലൊരു ആളനം മായാവിയുടെ ശ്രദ്ധയിൽ പെട്ടു . അതിന്റെ വ്യാസം വലുതായി വരുന്നു . ഇതിനു മുൻപ്  ഇങ്ങനെ ഒന്ന് കണ്ടിട്ടില്ലല്ലോ ! നക്ഷത്രമാവാൻ വഴിയില്ല .  എന്തായിരിക്കും അത്? അതിന്റെ പ്രകമ്പനങ്ങൾ തന്റെ ശരീരത്തിൽ അടിച്ചു തുടങ്ങുന്നു . ആ പ്രകാശഗോളം വലുതായി വരുന്നു .പ്രകമ്പനങ്ങൾ അതിഭയങ്കരമാകുന്നു .മായാവിയുടെ ചങ്കിൽ ഒരു വെള്ളിടി വെട്ടി.പണ്ട് ഒരു black hole ൻറെ ഉള്ള്ളിൽ പെട്ടത് മായാവിക്ക് ഓര്മ വന്നു .അന്ന് കഷ്ടിച്ച് ആണ് രക്ഷപെട്ടത് . ഇത് അതിലും വലിയ എന്തോ ഒന്നാണെന്ന് മായാവിക്ക് തോന്നി .ആ  പ്രകാശഗോളം അത്യുജ്ജലമായി അതി തീക്ഷ്ണം തന്റെ അടുത്തേക്ക് വരുന്നു . അതിന്റെ പ്രകമ്പനങ്ങൾ തൻറെ ഓരോ സെല്ലിനെയും അടർത്തി മാറ്റുന്നതായി മായാവിക്ക് തോന്നി. അതിന്റെ പ്രഭാവലയം അന്തരീക്ഷമാകെ മൂടി . പ്രകമ്പനത്തിൽ താൻ അതിവേഗം ബഹുദൂരം തെറിച്ചു  പോയി .അബോധാവസ്ഥയിലേക്ക്  ആഴ്ന്നിറങ്ങിയ കൊണ്ടിരുന്ന മായാവി ഒരു ക്ഷണ നേരത്തേക്ക്  ആ രൂപം ദർശിച്ചു . പ്രകാശ വലയത്തിന്റെ നടുവിലായി ചുവന്ന ജട്ടി ധരിച്ചു വെള്ളിടി പോലെ ഒരു രൂപം!!!!!!!
തുടരും ...